കൂട്ട ആത്മഹത്യ ഒഴിവാക്കാൻ എന്‍.എം. വിജയന്റെ കുടുംബബാധ്യത സിപിഎം ഏറ്റെടുക്കും: എം.വി. ഗോവിന്ദൻ
Monday, January 13, 2025 3:00 PM IST
കല്‍പ്പറ്റ: വയനാട്ടിൽ ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ കൂട്ടആത്മഹത്യ ഒഴിവാക്കാൻ ആ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
ജീവിച്ചിടത്തോളം കാലം എന്‍.എം. വിജയന് കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ജില്ലാ, സംസ്ഥാന നേതൃത്വമാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നും ഗോവിന്ദന് പറഞ്ഞു.
കടം ഏറ്റെടുക്കുന്ന കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരുറപ്പും നല്‍കിയില്ലെന്നു കുടുംബം പറഞ്ഞു. അന്തവും കുന്തവുമില്ലാത്ത കുടുംബമെന്നാണു കെ. സുധാകരന് പറഞ്ഞത്. വി.ഡി. സതീശന് പറഞ്ഞത് കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ്. മുഴുവന്‍ കളവാണെന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ മൂന്നു പേരും കുടുംബത്തെ തള്ളിപ്പറഞ്ഞാണു രംഗത്തെത്തിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.