എൻജിനിൽ പക്ഷി ഇടിച്ചു; അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി
Saturday, December 14, 2024 1:27 AM IST
ന്യൂയോർക്ക്: വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്.
ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്ന് എയർബസ് A321 പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്. ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പക്ഷി വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ടതോടെ യാത്രക്കാർ ഭയന്നു.
തുടർന്ന് വിമാനം ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പക്ഷി എഞ്ചിനിൽ തട്ടിയത് പ്രാഥമിക എഞ്ചിന് സാരമായ കേടുപാടുകൾ വരുത്തിയതിനാൽ വിമാനം അതിന്റെ സെക്കൻഡറി എഞ്ചിനിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് ന്യൂയോർക്ക് ആൻഡ് ന്യൂജേഴ്സി പോർട്ട് അതോറിറ്റി അറിയിച്ചു.