തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു: തെക്കൻ ജില്ലകളിൽ റെഡ് അലർട്ട്
Friday, December 13, 2024 6:41 PM IST
ചെന്നൈ: മന്നാർ കടലിടുക്കിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദത്തെ തുടർന്ന് തമിഴ് നാട്ടിൽ കനത്ത മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുച്ചേരി തുടങ്ങി നിരവധി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ചെമ്പരമ്പാക്കം റിസർവോയറിൽ നിന്ന് 1000 ക്യുസെക്സ് വെള്ളവും റെഡ് ഹിൽസ് റിസർവോയറിൽ നിന്ന് 500 ക്യുസെക്സും തുറന്നുവിടുകയാണ്.
കനത്ത മഴയെത്തുടർന്ന് ശ്രീവൈകുണ്ഠത്തും പരിസരപ്രദേശങ്ങളിലും തൂത്തുക്കുടി ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നൽകി. കനത്തമഴയെ തുടർന്ന് താമ്രപർണി നദി കരകവിഞ്ഞൊഴുകിയതോടയാണ് പ്രളയ മുന്നറിയിപ്പ് നൽകിയത്. നദീതീരങ്ങളിലുള്ളവർക്ക് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ചെന്നൈയിൽ കനത്ത മഴയെത്തുടർന്ന് റെഡ്ഹിൽസ്, ചെമ്പരമ്പാക്കം ജലസംഭരണികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിരിക്കുകയാണ്. ജലസംഭരണികൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പ് ആദ്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.