മുനമ്പത്ത് നടന്നത് വൻ തട്ടിപ്പ്, ലീഗ് നേതാക്കൾ മറുപടി പറയണമെന്ന് പി. ജയരാജൻ
Friday, December 13, 2024 2:05 PM IST
തിരുവനന്തപുരം: ഇസ്ലാം മതപ്രകാരം വഖഫ് സ്വത്ത് പടച്ചോന്റെ സ്വത്താണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ഈ സ്വത്ത് ആണ് മുസ്ലിം ലീഗുകാർ വിറ്റ് പണമാക്കിയത്. വഖഫ് സ്വത്ത് പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ജയരാജൻ രൂക്ഷവിമർശനം നടത്തിയത്. വഖഫ് ചെയ്യപ്പെട്ട സ്വത്ത് കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കേരളത്തിൽ വലിയ തോതിൽ വഖഫ് ഭൂമി കൈമാറ്റപ്പെട്ടു. സംസ്ഥാനത്ത് വഖഫ് ബോർഡിന് നേതൃത്വം കൊടുത്തിട്ടുള്ള ലീഗ് നേതാക്കളാണ് ഇതിന് മറുപടി പറയേണ്ടത്. മുനമ്പം വിഷയം വർഗീയവത്കരിക്കാൻ ബിജെപിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കി.