ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളുടെ പിതാവിന്റെ പക്കൽനിന്ന് കൈക്കൂലി വാങ്ങി; പോലീസുകാരന് സസ്പെൻഷൻ
Wednesday, December 4, 2024 6:26 PM IST
തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുടെ പിതാവിന്റെ പക്കൽനിന്ന് കൈക്കൂലി വാങ്ങിയ പോലീസുകാരന് സസ്പെൻഷൻ. മ്യൂസിയം സ്റ്റേഷനിലെ ഷബീർ എന്ന പോലീസുകാരനെയാണ് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തത്.
ഇയാൾ തുമ്പ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുടെ പിതാവിന്റെ പക്കൽനിന്ന് ഗൂഗിൾ പേ വഴി 2,000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്.
തുടർന്ന് ഇയാളെ തുമ്പ സ്റ്റേഷനിൽനിന്ന് മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇവിടെയും ഇയാൾ ഗുണ്ടാ ബന്ധം തുടർന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ഷബീർ. കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാൾക്കെതിരേ കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെന്ഡ് ചെയ്തിരുന്നു.