വീട് വാടകയ്ക്കെടുത്ത് നിരോധിത പുകയില ഉല്പന്നങ്ങള് വിൽപ്പന; യുവാക്കൾ പിടിയിൽ
Wednesday, December 4, 2024 12:57 AM IST
കൊച്ചി: കലൂരിൽ വീട് വാടകയ്ക്കെടുത്ത് നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ബിലാല്‍ മുഹസിന്, അബ്ദുള്‍ മനദിര്‍, മുഹമ്മദ് ഷരീഫ് എന്നിവരാണ് പിടിയിലായത്.
ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂരിലെ വാടക വീട്ടില്‍ നിന്ന് മൂവരെയും കൊച്ചി ഡാന്‍സാഫ് സംഘവും നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. മംഗലാപുരത്തു നിന്നും ബംഗുളൂരുവില്‍ നിന്നുമാണ് ഇത് എത്തിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്കിയ മൊഴി.
കലൂരിലെ വാടക വീട്ടില്‍ എത്തിച്ച ശേഷം കൊച്ചിയിലെ ചെറുകിട കച്ചവടക്കാര്‍ വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കേസിൽ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്.