ഗുജറാത്തിൽ "സീരിയൽ കില്ലർ' അറസ്റ്റിൽ
Wednesday, December 4, 2024 12:38 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ സീരിയൽ കില്ലർ അറസ്റ്റിൽ. അടുത്തിടെ 19കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ആറുപേരെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.
ഹരിയാനയിലെ റോഹ്തക് സ്വദേശി രാഹുൽ ജാട്ട് ആണ് അറസ്റ്റിലായത്. നവംബർ 14 ന് വൽസാദ് ജില്ലയിലെ ഉദ്വാദ റെയിൽവേ സ്റ്റേഷന് സമീപം 19 കാരിയായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, താൻ മുൻപ് നാല് കൊലപാതകങ്ങൾ ചെയ്തതായി ജാട്ട് സമ്മതിച്ചു. കൂടാതെ അടുത്തിടെ മരിച്ച കാഴ്ചയില്ലാത്ത യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്നും ഇയാൾ പോലീസിന് മൊഴി നൽകി.
2024 ജൂൺ എട്ടിന് വഡോദരയിലെ പ്രതാപ്നഗറിൽ നിന്നുള്ള യാത്രയ്ക്കിടെ, മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ ഫയാസ് അഹമ്മദ് ഷെയ്ഖുമായി ജാട്ട് സൗഹൃദത്തിലായി. വഡോദര ജില്ലയിലെ ദഭോയിയിലാണ് ഇവർ ഇറങ്ങിയത്
ജാട്ട് ഇയാളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോവുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തു. അറസ്റ്റിന് ഒരു ദിവസം മുമ്പ്, തെലങ്കാനയിലെ സെക്കന്തരാബാദിന് സമീപം ട്രെയിനിൽ വച്ച് ജാട്ട് ഒരു സ്ത്രീയെ കൊലപ്പെടുത്തി പണം കവർന്നു.
ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിൽ വച്ച് ഇയാൾ ഒരു സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷനു സമീപം കതിഹാർ എക്സ്പ്രസിൽ ഒരു വയോധികനെ ഇയാൾ കുത്തിക്കൊന്നു.
കർണാടകയിലെ മുൽക്കിക്ക് സമീപം കൊല്ലപ്പെട്ട ഒരു ട്രെയിൻ യാത്രക്കാരനും ഇയാളുടെ ഇരയാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ സൂറത്ത്, വൽസാദ്, വാപി എന്നിവിടങ്ങളിൽ അഞ്ച് തവണ ജാട്ട് സന്ദർശിച്ചിരുന്നു.
രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ട്രക്ക് മോഷണം, അനധികൃത ആയുധക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 2018-19, 2024 വർഷങ്ങളിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.