തകർത്തടിച്ച് ശ്രീകർ ഭരത്; ആന്ധ്രയ്ക്കെതിരേ കേരളത്തിന് വമ്പൻ തോല്‍വി
Tuesday, December 3, 2024 2:35 PM IST
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രക്കെതിരേ കേരളത്തിന് ആറുവിക്കറ്റിന്റെ വമ്പൻ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 88 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 13 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ആന്ധ്ര മറികടന്നു.
അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശ്രീകര്‍ ഭരതാണ് (56) ആന്ധ്രയെ അതിവേഗം വിജയത്തിലെത്തിച്ചത്. അശ്വിൻ ഹെബ്ബാർ (12), എസ്.കെ. റഷീദ് (അഞ്ച്), അവിനാശ് പൈല (പൂജ്യം), റിക്കി ഭൂയി (14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കേരളത്തിനു വേണ്ടി ജലജ് സക്സേന 13 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിതീഷ് ഒരു വിക്കറ്റ് വീഴ്ത്തി.
കേരളം ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് വീശിയ ആന്ധ്രയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണര്‍ അശ്വിന് ഹെബ്ബാറിനെ നഷ്ടമായി. എന്നാൽ ഒരറ്റത്ത് ശ്രീകര്‍ ഭരത് തകർപ്പനടികളുമായി നിലയുറപ്പിച്ചിരുന്നു.
എട്ടാം ഓവറില്‍ ജലജ് സക്സേന മൂന്ന് പന്തുകളുടെ ഇടവേളയില്‍ എസ്.കെ. റഷീദിനെയും അവിനാശ് പൈലയെയും വീഴ്ത്തി കേരളത്തിനു പ്രതീക്ഷ നല്കി. എന്നാൽ, നാലാം വിക്കറ്റിൽ ഒന്നിച്ച ഭരതും റിക്കി ഭൂയിയും ചേർന്ന് 24 റൺസ് കൂട്ടിച്ചേർത്തു. പന്ത്രണ്ടാം ഓവറിൽ സ്കോർ 74 റൺസിൽ നില്‍ക്കെ റിക്കിയെയും സക്സേന പുറത്താക്കിയെങ്കിലും ആന്ധ്ര വിജയത്തിനടുത്തെത്തിയിരുന്നു.
പിന്നീട് വിനയ്യെ ഒരറ്റത്തു നിർത്തി ശ്രീകർ ഭരത് വിജയം അടിച്ചെടുത്തു. 33 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് ഭരതിന്റെ ഇന്നിംഗ്സ്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് പുറത്തായിരുന്നു. 27 റൺസെടുത്ത ജലജ് സക്സേനയാണ് ടോപ് സ്കോറർ. 18 റൺസെടുത്ത പി.എ. അബ്ദുൾ ബാസിത്, 14 റൺസെടുത്ത എം.ഡി. നിതീഷ് എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് (ഏഴ്), രോഹന് കുന്നുമ്മല്‍ (ഒമ്പത്), മുഹമ്മദ് അസറുദ്ദീന് (പൂജ്യം), സല്മാന് നിസാര്‍ (മൂന്ന്), വിഷ്ണു വിനോദ് (ഒന്ന്), സി.വി. വിനോദ് കുമാർ (മൂന്ന്), എൻ.എം. ഷറഫുദ്ദീൻ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 17 റൺസെടുക്കുന്നതിനിടെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. പിന്നാലെ നായകൻ സഞ്ജു സാംസൺ ഒരു ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും കെ.വി. ശശികാന്തിന്റെ പന്തിൽ സ്റ്റീഫനു പിടിനല്‍കി മടങ്ങി. തൊട്ടടുത്ത പന്തിൽ മുഹമ്മദ് അസറുദ്ദീനെയും ശശികാന്ത് മടക്കിയതോടെ കേരളം മൂന്നിന് 36 റൺസെന്ന നിലയിലായി.
മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേന തകര്‍ത്തടിച്ചെങ്കിലും മറ്റേയറ്റത്ത് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. സ്കോർ 47 റൺസിൽ നില്‍ക്കെ സൽമാൻ നിസാറും തൊട്ടുപിന്നാലെ വിഷ്ണു വിനോദും പവലിയനിലേക്ക് മടങ്ങി. തുടർന്ന് വിനോദ് കുമാറിനെ കൂട്ടുപിടിച്ച് സക്സേന സ്കോർ അമ്പതു കടത്തി.
എന്നാൽ സ്കോർ 54 റൺസിൽ നില്‍ക്കെ വിനോദ് കുമാറിനെ പുറത്താക്കി വിനയ് വീണ്ടും കേരളത്തെ ഞെട്ടിച്ചു. ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെ സക്സേന റണ്ണൗട്ടായി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. പിന്നാലെ റണ്ണൊന്നുമെടുക്കാനാകാതെ ഷറഫുദ്ദീൻ പുറത്തായതോടെ കേരളം എട്ടിന് 65 റൺസെന്ന നിലയിൽ തകർന്നു.
തുടർന്ന് വാലറ്റത്ത് പൊരുതി നിന്ന അബ്ദുള്‍ ബാസിതും(25 പന്തിൽ 18) എം ഡി നിധീഷും(13 പന്തില്‍ 14) ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 21 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സ്കോർ 86 റൺസിൽ നില്‍ക്കെ നിതീഷും തൊട്ടുപിന്നാലെ അബ്ദുൾ ബാസിതും പുറത്തായതോടെ കേരളത്തിന്റെ തകർച്ച പൂർത്തിയായി.
ആന്ധ്രയ്ക്കു വേണ്ടി കെ.വി. ശശികാന്ത് മൂന്നും കെ. സുദർശൻ, സത്യനാരായണ രാജു, വിനയ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
കേരളത്തെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതോടെ, വ്യാഴാഴ്ച നടക്കുന്ന ആന്ധ്ര-മുംബൈ മത്സരം കേരളത്തിന് നിര്‍ണായകമായി. ഈ മത്സരത്തില്‍ മുംബൈ ജയിച്ചാല്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്താകും.