എം.എം. ലോറൻസിന്റെ മൃതദേഹം കൈമാറുന്നതിലെ തർക്കം: മധ്യസ്ഥനെ നിയോഗിക്കാൻ നിർദേശിച്ച് ഹൈക്കോടതി
Tuesday, December 3, 2024 1:24 PM IST
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശം.
മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മകള്‍ ആശ ലോറന്‍സ് നല്കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് എസ്. മനു എന്നിവർ ഉൾപ്പെട്ട ബെഞ്ച് വാദത്തിനിടെ പറഞ്ഞു.
എം.എം. ലോറൻസിന്റെ മക്കളായ ആശാ ലോറൻസും സുജാതയും സമർപ്പിച്ച ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹർജിക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഇരുപക്ഷവും നിലപാട് അറിയിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മൃതദേഹം കൊച്ചി മെഡിക്കല്‍ കോളജില്‍ ഫോര്‍മാലിന്‍ ലായിനിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാനായി വിട്ടുനല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
എന്നാല്‍ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്ന് മകന് എം.എല്‍. സജീവ് വ്യക്തമാക്കിയിരുന്നു. ഇതിന് സാക്ഷികളേയും ഹാജരാക്കിയ സാഹചര്യത്തിലായിരുന്നു മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പള്ളികളിലാണ് നടന്നതെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ആശ അപ്പീല്‍ നല്‍കിയത്.