കളർകോട് അപകടം; ആഘാതം ഉയർത്തിയത് ഓവർലോഡെന്ന് നിഗമനം
Tuesday, December 3, 2024 10:43 AM IST
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറില്‍ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചു.
വാഹനം ഓടിച്ച വിദ്യാർഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നും രണ്ടും വർഷ മെഡിക്കല്‍ വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്.
കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.