കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Monday, December 2, 2024 6:24 AM IST
തിരുവനന്തപുരം: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചയൊണ് കണ്ണൂരിൽ അവധി പ്രഖ്യാപിച്ചത്.
വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസുകൾ, മദ്രസകൾ, കിൻഡർഗാർട്ടൻ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
വയനാട് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധിയില്ല. കോട്ടയത്തും കണ്ണൂരും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണമായും റെസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.
അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.