കോട്ടയത്ത് കനത്ത മഴ; പാമ്പാടി ഭാഗത്ത് വെള്ളം പൊങ്ങി, പുതുപ്പള്ളി- കറുകച്ചാൽ റോഡിൽ മണ്ണിടിഞ്ഞു
Sunday, December 1, 2024 11:08 PM IST
കോട്ടയം: മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പാമ്പാടി കാളച്ചന്ത ഭാഗത്ത് വെള്ളം പൊങ്ങി. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴയ്ക്ക് ശമനമില്ലാതായതോടെ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും കൈത്തോടുകൾ കരകവിഞ്ഞ് റോഡിൽ വെള്ളം കയറുന്നു.
പാമ്പാടി കാളച്ചന്ത തോട് കരകവിഞ്ഞതോടെ വട്ടമലപ്പടി-സിഎസ്ഐ പള്ളി റോഡ്, കത്തീഡ്രൽ- മീനടം റോഡ് തുടങ്ങിയ പാതകളിൽ വെള്ളം കയറി.
ഇതേ തുടർന്ന് ഗതാഗതം അടക്കം തടസപ്പെട്ടു. കാളച്ചന്ത തോട്ടിൽ മാലിന്യങ്ങളും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതോടെയാണ് കെ കെ റോഡിനോട് ബന്ധിപ്പിക്കുന്ന റോഡുകളിൽ വെള്ളം കയറിയത്.
സമീപത്തെ നിരവധി കടകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.
അതിനിടെ പുതുപ്പള്ളി- കറുകച്ചാൽ റോഡിൽ പാറപ്പ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി റോഡിൽനിന്ന് മണ്ണ് നീക്കുന്നതിനായി നടപടികൾ സ്വീകരിച്ച് തുടങ്ങി.