ഭരണഘടനയെ ഗവര്‍ണര്‍ വെല്ലുവിളിക്കുന്നു: എം.വി.ഗോവിന്ദന്
Friday, November 29, 2024 6:39 PM IST
തിരുവനന്തപുരം: നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഹൈക്കോടതി വിധിയെയും ഭരണഘടനയെയും ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്.
സർവകലാശാലകളെ കാവിവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനമാണ് ഗവർണർ നടത്തുന്നത്. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. കെടിയു വിസി കെ.ശിവപ്രസാദിനെതിരെയും എം.വി.ഗോവിന്ദന് രംഗത്തെത്തി. കെടിയു വിസി സംഘപരിവാറാണ്. ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്കരിച്ച് ചുമതലയേറ്റത് അതിന് ഉദാഹരണമെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകും. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. തെറ്റ് ഉണ്ടാകുന്നതല്ല അത് കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നാതാണ് പ്രധാനം.
സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. ചേലക്കരയില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമായിരുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് പറഞ്ഞത്.
എന്നാല്‍ അവരുടെ കണക്ക് കൂട്ടല്‍ തെറ്റി. പാലക്കാട് തെരഞ്ഞെടുപ്പില്‍ കണ്ട കാഴ്ച മതധ്രുവീകരണത്തിന്റേതാണെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.