അടിച്ചൊതുക്കി, എറിഞ്ഞുവീഴ്ത്തി; കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം
Friday, November 29, 2024 3:10 PM IST
ഹൈദരാബാദ്: മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ 43 റണ്‍സിന് അട്ടിമറിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
35 പന്തില്‍ 68 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ ശ്രേയസ് അയ്യർ (32), പൃഥ്വി ഷാ (23), ഹാർദിക് തമോറെ (23), അംഗ്ക്രിഷ് രഘുവൻഷി (16) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
കേരളത്തിനായി 30 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയ പേസര്‍ എം.ഡി. നിധിഷ് ആണ് മുംബൈയെ തകർത്തത്. സി.വി. വിനോദ് കുമാർ, പി.എ. അബ്ദുൾ ബാസിത് എന്നിവർ രണ്ടുവിക്കറ്റ് വീതവും എൻ.പി. ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി.
കേരളം ഉയർത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ പൃഥ്വി ഷായും ആംഗ്ക്രിഷ് രഘുവൻഷിയും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ പൃഥ്വിയെ മടക്കി എം.ഡി. നിധിഷ് കേരളത്തിനു ബ്രേക്ക്ത്രൂ നല്കി. ആറാം ഓവറില്‍ രഘുവന്‍ഷിയെയും പുറത്താക്കി നിധീഷ് വീണ്ടുമെത്തിയതോടെ രണ്ടിന് 58 റൺസെന്ന നിലയിലായി മുംബൈ.
തുടർന്ന് ക്രീസിൽ ഒന്നിച്ച ശ്രേയസ് അയ്യരും അജിങ്ക്യ രഹാനെയും ചേർന്ന് പടുത്തുയർത്തിയ 42 റൺസ് കൂട്ടുകെട്ട് മുംബൈയെ നൂറുകടത്തി. തൊട്ടുപിന്നാലെ ശ്രേയസിനെ പുറത്താക്കി അബ്ദുള്‍ ബാസിത് കൂട്ടുകെട്ട് പൊളിച്ചു. തന്റെ അടുത്ത ഓവറില്‍ ഷാംസ് മുലാനിയെയും (അഞ്ച്) ബാസിത് മടക്കിയതോടെ മുംബൈ നാലിന് 115 റൺസെന്ന നിലയിലായി.
അതേസമയം, ഒരുവശത്ത് തകർപ്പനടികളുമായി രഹാനെ കേരളത്തിനു ഭീഷണിയുയർത്തി. 15-ാം ഓവറില്‍ സുര്യാന്‍ഷ് ഷെഡ്ഗെയെ (ഒമ്പത്) ബേസിൽ പുറത്താക്കി. സ്കോർ 179 റൺസിൽ നില്‍ക്കെ രഹാനെയെ വിനോദ് കുമാർ പുറത്താക്കിയതോടെ കേരളം വിജയം മണത്തു. 35 പന്തിൽ അഞ്ചു ഫോറും നാലു സിക്സറുമുൾപ്പെടുന്നതാണ് രഹാനെയുടെ ഇന്നിംഗ്സ്.
തൊട്ടടുത്ത ഓവറിൽ ശാർദുൽ താക്കൂറിനെ (മൂന്ന്) ബാസിതിന്റെ കൈകളിലെത്തിച്ച് നിധീഷ് വീണ്ടും തിരിച്ചുവരവ് നടത്തി. പിന്നാലെ പിടിച്ചുനിന്ന ഹര്‍ദിക് താമോറെയെയും പുറത്താക്കിയ നിധിഷ് വിജയമുറപ്പിച്ചു. അവസാന ഓവറിൽ മോഹിത് ആവസ്തിയെ (ഒന്ന്) പുറത്താക്കി വിനോദ് കുമാര്‍ മുംബൈയുടെ വീഴ്ച പൂർത്തിയാക്കി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 234 റൺസെടുത്തത്. തിരിച്ചെത്തിയ നായകൻ സഞ്ജു സാംസണ് ബാറ്റിംഗ് പരാജയമായെങ്കിലും രോഹന് എസ്. കുന്നുമ്മലും സല്മാന് നിസാറും ചേർന്നു നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രോഹന് 48 പന്തില്‍ 87 റണ്‍സെടുത്തപ്പോള്‍ സല്മാന് 49 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാലുറൺസെടുക്കവേ സഞ്ജുവിനെ നഷ്ടമായി. നാലു പന്തിൽ നാലുറൺസെടുത്ത താരം ശാർദുൽ താക്കൂറിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. പിന്നാലെ മോഹിത് ആവസ്തിക്ക് വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് അസ്ഹറുദ്ദീനും (13) മടങ്ങിയതോടെ കേരളം 3.5 ഓവറില്‍ രണ്ടിന് 40 എന്ന നിലയിലായി. പിന്നാലെ സച്ചിന് ബേബി (ഏഴ്) പരിക്കേറ്റ് മടങ്ങുകയും ചെയ്തു.
പിന്നീട് മൂന്നാംവിക്കറ്റിൽ ഒന്നിച്ച രോഹന് എസ്. കുന്നുമ്മലും സല്മാന് നിസാറും ചേര്‍ന്ന് അതിവേഗം സ്കോർ ഉയർത്തി. 15 ഓവറില്‍ ടീമിനെ 150 കടത്തിയ ഇരുവരും ചേർന്ന് 74 പന്തിൽ 131 റൺസാണ് അടിച്ചുകൂട്ടിയത്.
സ്കോർ 180 റൺസിൽ നില്‍ക്കെ രോഹനെ മോഹിത് ആവസ്തിയുടെ കൈകളിലെത്തിച്ച് ഷംസ് മുലാനി മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്കി. 48 പന്തിൽ അഞ്ചു ഫോറുകളും ഏഴു സിക്സറുമുൾപ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
പിന്നാലെ ക്രീസിലെത്തിയ വിഷ്ണു വിനോദ് ആദ്യ പന്തില്‍തന്നെ മോഹിത്തിനെ സിക്സറിനു പറത്തി ആരംഭിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. അടുത്ത പന്തില്‍ പി.എ. അബ്ദുള്‍ ബാസിതിനെയും മോഹിത് പുറത്താക്കിയതോടെ കേരളം അഞ്ചിന് 187 റൺസെന്ന നിലയിലായി.
പിന്നീട് എം. അജ്നാസിനെ ഒരറ്റത്തു നിർത്തി സൽമാൻ നിസാർ വെടിക്കെട്ട് തുടർന്നു. 19-ാം ഓവറില്‍ കേരളത്തെ 200 കടത്തി. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സറിന് തൂക്കി ഫിനിഷ് ചെയ്തെങ്കിലും ഒരു റണ്ണകലെ സൽമാന് സെഞ്ചുറി നഷ്ടമായി. 49 പന്തിൽ അഞ്ചു ഫോറുകളും എട്ടു സിക്സറുമുൾപ്പെടുന്നതായിരുന്നു സൽമാന്റെ തകർപ്പൻ ഇന്നിംഗ്സ്.
മുംബൈയ്ക്കു വേണ്ടി മോഹിത് ആവസ്തി 44 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ശാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി.