അഞ്ചുവിക്കറ്റുമായി അർജുൻ തെൻഡുൽക്കർ; അരുണാചലിനെ 84നു പുറത്താക്കി ഗോവ
Wednesday, November 13, 2024 3:46 PM IST
മുംബൈ: രഞ്ജി ട്രോഫിയില്‍ അരുണാചലിനെ കശക്കിയെറിഞ്ഞ് അർജുൻ തെൻഡുൽക്കറുടെ തേരോട്ടം. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ഇടംകൈയൻ പേസർ ഒന്‍പത് ഓവറിൽ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ താരത്തിന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്.
അർജുന്റെ ബൗളിംഗ് മികവിൽ അരുണാചലിനെ 30.3 ഓവറില്‍ 84 റണ്‍സിനു പുറത്താക്കാൻ ഗോവയ്ക്ക് കഴിഞ്ഞു. 25 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നബാം അബോയാണ് അരുണാചല്‍ പ്രദേശിന്റെ ടോപ് സ്കോറര്‍.
അരുണാചൽ നിരയിലെ ആദ്യ അഞ്ചുവിക്കറ്റും വീഴ്ത്തിയത് അർജുനാണ്. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ നബാം ഹചാംഗിനെ അക്കൗണ്ട് തുറക്കുംമുമ്പേ ബൗൾഡാക്കിയാണ് അര്ജുന് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം ഓവറിലെ രണ്ടും മൂന്നും പന്തുകളില്‍ ഒബി (22), ജയ് ഭവ്സര്‍ (പൂജ്യം) എന്നിവരെയും പിന്നീട് ചിന്മയ് ജയന്ത പാട്ടില്‍ (മൂന്ന്), മൊജി (ഒന്ന്) എന്നിവരെയും പുറത്താക്കിയതോടെ അരുണാചൽ അഞ്ചിന് 36 റൺസെന്ന നിലയിൽ തകർന്നു.
പിന്നീട് 48 റൺസിനിടെ ശേഷിച്ച അഞ്ചുവിക്കറ്റുകളും നഷ്ടമായി. സിദ്ധാർഥ് ബലോഡി (16), സന്ദീപ് കുമാർ (12), നിയ (പൂജ്യം), ഹഗെ തമ (രണ്ട്), അക്ഷയ് ജെയ്ൻ (പൂജ്യം) എന്നിവരാണ് പുറത്തായത്. അർജുന് പുറമേ മോഹിത് രേധ്കർ മൂന്നുവിക്കറ്റും കെയ്ത്ത് പിന്റോ രണ്ടുവിക്കറ്റും വീഴ്ത്തി.
മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഗോവ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 267 റൺസെടുത്തിട്ടുണ്ട്. സെഞ്ചുറിയോടെ കശ്യപ് ബാക്ലെ (123), സ്നേഹൽ കൗതങ്കർ (49) എന്നിവരാണ് ക്രീസിൽ. ഇഷാൻ ഗഡേകർ (മൂന്ന്), സുയാഷ് എസ്. പ്രഭുദേശായ് (73) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവിൽ ഗോവയ്ക്ക് 183 റൺസിന്റെ ലീഡുണ്ട്.