മൂന്നാം മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം; ബംഗ്ലാദേശിനെതിരായ ഏകദിന പരന്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ
Tuesday, November 12, 2024 12:02 AM IST
ഷാർജ: ബംഗ്ലാദേശിനെതിരെ യുഎഇയിൽ നടന്ന ഏകദിന പരന്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ പരന്പര നേടിയത്.
മൂന്ന് മത്സരങ്ങളുള്ള പരന്പരയിലെ രണ്ട് മത്സരങ്ങൾ അഫ്ഗാൻ ജയിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് ബംഗ്ലാദേശിന് വിജയിക്കാനായത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് 68 റൺസിന് വിജയം നേടി. ഇതോടെയാണ് മൂന്നാം മത്സരം നിർണായകമായത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പന്ത് പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ മറികടന്നു. സെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്റെയും അർദ്ധ സെഞ്ചുറി നേടിയ അസ്മത്തുള്ള ഒമർസായിയുടെയും മികവിലാണ് അഫ്ഗാൻ വിജയം നേടിയത്. ഗുർബാസ് 101 ഉം ഒമർസായ് 70 ഉം റൺസെടുത്തു. 34 റൺസ് നേടിയ മുഹമ്മദ് നബിയും തിളങ്ങി.
ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണയും മുഷ്താഫിഖുർ റഹ്മാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മെഹ്ദി ഹസൻ ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലാദേശ് മഹ്മദുള്ളയുടെയും മെഹ്ദി ഹസന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. മഹ്മദുള്ള 98ഉം മെഹ്ദി ഹസൻ 66 ഉം റൺസ് നേടി. എട്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നും ബംഗ്ലാദേശിന്.
അഫ്ഗാനിസ്ഥാന് വേണ്ടി അസ്മത്തുള്ള 4 വിക്കറ്റ് നേടി. മുഹമ്മദ് നബിയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അസ്മത്തുള്ള ഒമർസായ് ആണ് മത്സരത്തിലെ താരം. മുഹമ്മദ് നബിയാണ് പരന്പരയിലെ താരം.