ഡോ. വന്ദന ദാസ് കേസ്: പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്; ഇടക്കാല ജാമ്യമില്ല
Monday, November 11, 2024 3:17 PM IST
കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, ഹർഷദ് വി. ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു. എന്നാൽ മാനസികനില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ അഭയ് എസ്. ഓഖ, അഗസ്റ്റിന് ജോര്‍ജ മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹർജി തീർപ്പാക്കുന്നത് വരെ കേസിലെ വിചാരണ നടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിൻ പൊഹ്വാ, ആർ.പി. ഗോയൽ, ആർ.വി. ഗ്രാലൻ എന്നിവർ ഹാജരായി. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും.
കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ ആശുപത്രിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.