ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ
Friday, November 8, 2024 2:04 AM IST
ന്യൂഡൽഹി: സോഷ്യൽ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ. ചിറ്റഗോങ്ങിൽ ഹിന്ദു സമുദായാംഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അപലപിച്ചു.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടുവെന്നും ഇത് അപലപനീയമാണെന്നും ജയ്സ്വാൾ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ പ്രത്യേക ഉത്തരവാദിത്തമാണ്. തീവ്രവാദ സംഘങ്ങളാണ് ഇതിന് പിന്നിൽ. ഇത്തരം കാര്യങ്ങൾ സാമുദായിക സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ജയ്സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.