"തെറ്റുപറ്റി, അവരുടെ കൈയിൽ ചില തെളിവുകൾ ഉണ്ട്'; നവീൻ ബാബു കളക്ടറോടു പറഞ്ഞു ?
നവാസ് മേത്തർ
Thursday, November 7, 2024 8:25 PM IST
തലശേരി: "തെറ്റുപറ്റി, അവരുടെ കൈയിൽ ചില തെളിവുകൾ ഉണ്ട്'.... വിവാദ യാത്രയയപ്പ് യോഗത്തിനുശേഷം ജില്ലാ കളക്ടറെ കണ്ട എഡിഎം നവീൻ ബാബുവിന്റെ വാക്കുകൾ ഇതാണെന്നാണ് കളക്ടർ അരുൺ കെ. വിജയൻ കൊടുത്ത മൊഴിയിലുള്ളതെന്നു സൂചന. ബുധനാഴ്ച സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്.
സിറ്റി പോലീസ് കമ്മീഷണൽ അജിത് കുമാർ, ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത്കുമാർ, കണ്ണൂർ എസിപി രത്നകുമാർ, സിഐ ശ്രീജിത്ത് കൊടേരി എന്നിവർ പങ്കെടുത്ത യോഗത്തിൽ കേസിൽ എല്ലാ വശവും പരിശോധിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നും അന്വേഷണ സംഘം കരുതുന്നു.
ഒക്ടോബർ നാലുമുതൽ 15 വരെയുള്ള നവീൻ ബാബുവിന്റെ പ്രവർത്തനങ്ങൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ നാലിന് നവീനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു.
ആറിന് നവീൻ വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തിനെ ഫോണിൽ വിളിക്കുകയും പള്ളിക്കുന്നിൽ ഇവർ കാണുകയും ചെയ്യുന്നു. ഒന്പതിന് പ്രശാന്തനനുകൂലമായി എഡിഎം ഫയലിൽ ഒപ്പിടുന്നു. ഇരുവരും ബന്ധപ്പെട്ടതിന്റെ ഫോൺ കോൾ രേഖകളും ഇരുവരും കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
യാത്രയയപ്പ് യോഗത്തിൽ പ്രസംഗിച്ച ദിവ്യ അടുത്ത ദിവസംതന്നെ ചില കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു. ഇത് ഇവർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
നാലിന് സ്ഥലംമാറ്റ ഉത്തരവിറങ്ങിയ എഡിഎം ആറിന് പ്രശാന്തിനെ കണ്ടത് എന്തിന്? സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥൻ തിടുക്കപ്പെട്ട് ഒന്പതിന് വിവാദ പെട്രോൾ പമ്പിന് അനുമതി നൽകിയത് എന്തുകൊണ്ട്? വിവാദ പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം എഡിഎം സന്ദർശിച്ചിരുന്നോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു കൂടി ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്തായാലും വരും ദിവസങ്ങളിൽ അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ നിർണായകമാകുകയാണ്.