ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യധാന്യം: മേപ്പാടി പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്, സംഘർഷം
Thursday, November 7, 2024 1:44 PM IST
മേപ്പാടി: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായി.
പുഴുവരിച്ച അരിയും പഴയ വസ്ത്രങ്ങളുമായി ഓഫീസിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്കു കയറി പ്രതിഷേധമറിയിച്ചു. മേശയും കസേരയും തട്ടിമറിച്ചിട്ടു. പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളിൽ നിലത്തിട്ട് പ്രതിഷേധിച്ചു.
ഇതോടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഉപരോധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
റവന്യൂ വകുപ്പും സന്നദ്ധ സംഘടനകളും നല്കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.