സിൽവർലൈൻ: പുതിയ നിബന്ധനകൾ ചെലവ് കൂട്ടും
Tuesday, November 5, 2024 6:23 PM IST
തിരുവനന്തപുരം: കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൽ വീണ്ടും ചർച്ചയിലേക്ക്. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയാണു പദ്ധതിയെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്.
കേരളം വിശദപദ്ധതി രേഖ (ഡിപിആർ) സമർപ്പിച്ച് നാലുവർഷം കഴിഞ്ഞിട്ടും റെയിൽവേ ബോർഡോ കേന്ദ്ര സർക്കാരോ അന്തിമാനുമതി ഇതുവരെ നൽകിയിട്ടില്ലെങ്കിലും പുതിയ നിബന്ധനകൾ അടങ്ങിയ കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറുമെന്നു സൂചന.
സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുറഹിമാനും ഡൽഹിയിൽ കേന്ദ്ര മന്ത്രിയെ കഴിഞ്ഞ ഒക്ടോബർ 16ന് കണ്ടപ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ കാര്യവും ചർച്ച ചെയ്തിരുന്നു.
തുടർന്ന് നടന്ന റെയിൽവേ ബോർഡ് യോഗത്തിൽ സിൽവർ ലൈൻ ചർച്ചയായി. പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. അതേസമയം റെയിൽവേയുടെ പുതിയ നിബന്ധനകളിൽ ഗേജ്, അലൈൻമെന്റ് മാറ്റം ഉൾപ്പെടെയുണ്ടാകും. സിൽവർലൈൻ ട്രാക്കുകൾ ബ്രോഡ്ഗേജായി മാറ്റണം.
റെയിൽവേ ആസൂത്രണം ചെയ്തിട്ടുള്ള മൂന്നും നാലും പാതകൾക്കു ഭൂമി മാറ്റിയശേഷം സിൽവർലൈനിന് ഭൂമി നൽകുന്നതു പരിഗണിക്കും. നിലവിലുള്ള റെയിൽപാതയുടെ ഒരുവശത്തു മാത്രമായി സിൽവർലൈൻ ട്രാക്കുകൾ വരുന്ന തരത്തിൽ അലൈൻമെന്റ് ക്രമീകരിക്കണം.
സിൽവർലൈൻ ട്രാക്കിൽ വന്ദേഭാരത് ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഓടിക്കാനുള്ള അനുമതി വേണം. നിലവിലുള്ള പാതയുമായി സിൽവർലൈനിനു നിശ്ചിത കിലോമീറ്റർ പിന്നിടുമ്പോൾ ഇന്റർചേഞ്ച് സൗകര്യം ഉണ്ടായിരിക്കണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാകും പുതിയ നിബന്ധന.
എന്നാൽ പുതിയ നിബന്ധനകളിലെ കാര്യങ്ങൾ നിലവിലുള്ള ഘടനയെ ബാധിക്കുമെന്നതിനാൽ കേരളം ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നതു പ്രധാനമാണ്. സിൽവർലൈൻ ട്രാക്കുകൾ സ്റ്റാൻഡേഡ് ഗേജിൽനിന്നു ബ്രോഡ്ഗേജായി പരിഷ്കരിക്കുന്പോൾ ചെലവ് കൂടും. പുതിയ നിബന്ധനകൾ സംബന്ധിച്ച കത്ത് ലഭിച്ച ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) അധികൃതർ പറയുന്നത്.
അതേസമയം റെയിൽവേ ബോർഡും സംയുക്ത സംരംഭ കമ്പനിയായ കെ റെയിലും തമ്മിൽ ഇപ്പോഴും കത്തിടപാടുകൾ നടക്കുന്നുമുണ്ട്. ഈ വർഷം ജനുവരി 16നും കത്തിടപാട് നടന്നു. നിലവിലുള്ള പാത നാലുവരിപ്പാതയാകുമ്പോൾ സ്വീകരിക്കേണ്ട ഡിസൈൻ മാനദണ്ഡങ്ങളും ഡിപിആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള ട്രാക്കിൽനിന്ന് 7.8 മീറ്റർ അകലം പാലിച്ചാണ് സിൽവർ ലൈൻ അലൈൻമെന്റ് നിശ്ചയിച്ചത്. പ്രധാനപ്പെട്ട പാലങ്ങൾ വരുന്നിടങ്ങളിലും നിലവിലുള്ള പാതയിൽനിന്ന് കൃത്യമായ അകലം പാലിച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അതേസമയം കെ റെയിൽ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സമരം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് കെ റെയിൽ വിരുദ്ധ സമിതി. കഴിഞ്ഞ ദിവസം സമര സമിതി വീണ്ടും മുദ്രാവാക്യങ്ങളുയർത്തി കോഴിക്കോട് കാട്ടിലപീടികയിലെ സമര പന്തലിൽ ഒത്തുചേർന്നു. നവംബർ 13ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.