കെ-റെയിൽ വിരുദ്ധ സമിതിയോട് മുഖംതിരിച്ച് റെയില്‍വേ മന്ത്രി; ബിജെപി വെട്ടിൽ
സ്വന്തം ലേഖകന്‍
Monday, November 4, 2024 6:25 PM IST
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിലപാടില്‍ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തു തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത പദ്ധതിയെയാണ് കേരളത്തില്‍ എത്തി റെയില്‍വേ മന്ത്രി ന്യായീകരിച്ചിരിക്കുന്നത്.
ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിലിന്റെ തുടർനടപടികൾക്കു സന്നദ്ധമാണെന്ന് മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
കെ-റെയിലിന് അനുമതി നല്‍കരുതെന്ന് നിവേദനം നല്കിയ കെ-റെയിൽ വിരുദ്ധ സമരസമിതി നേതാക്കളോട് കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടയിലാണു നിവേദനം നൽകിയത്.
മന്ത്രിയുടെ കെ-റെയില്‍ അനുകൂല നിലപാടു പദ്ധതിക്കു വീണ്ടും ജീവന് വയ്പിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കെ-റെയില്‍ വരുമെന്നനിലപാടാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. ഇതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്.
റെഡ് സിഗ്നൽ വീണ പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നതാണ് റെയിൽവേ മന്ത്രിയുടെ പ്രസ്താവന. കെ-റെയിൽ ഡിപിആറിൽ ഏറ്റവുമധികം എതിർപ്പ് ഉയർന്നത് പാരിസ്ഥിതിക പ്രശ്നങ്ങളിലാണ്. ഡിപിആർ മൊത്തം മാറ്റുക എളുപ്പമല്ല.
ഭൂമി ഏറ്റെടുക്കലിന്റെ സാധ്യതാ പഠനം നിർത്തി ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് സംസ്ഥാന സർക്കാർ തിരിച്ചയച്ചു കഴിഞ്ഞു. ചെറിയൊരു പ്രതീക്ഷ വച്ച് അടുത്തിടെ ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി കെ-റെയിൽ വീണ്ടും ഉന്നയിച്ചിരുന്നു.
ഇനി എന്തു പഠനത്തിനിറങ്ങിയാലും സർക്കാര്‍ വീണ്ടും നേരിടേണ്ടി വരിക അതിശക്തമായ സമരത്തെയാകും. പദ്ധതി നടപ്പാക്കാരുതെന്നാവശ്യപ്പെട്ട് കെ-റെയിൽ വിരുദ്ധസമിതി റെയിൽവേ മന്ത്രിക്ക് കോഴിക്കോട് വച്ച് നിവേദനം നൽകിയതും ഈ പശ്ചാത്തലത്തിലാണ്.
ഡിപിആർ സമർപ്പിച്ച് നാലുവർഷം പിന്നിട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. നാലു വർഷം പിന്നിട്ടതോടെ ഇനി കെ- റെയിൽ നടപ്പാക്കാൻ അധികമായി വേണ്ടത് 20,000 കോടി എന്നതും പ്രശ്നമാണ്.