ചുവപ്പ് കാർഡ് കളി മാറ്റി മറിച്ചു; ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു
Sunday, November 3, 2024 10:41 PM IST
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈയുടെ വിജയം. മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചിരുന്നു. പിന്നീട് മത്സരം കൈവിട്ടുപോവുകയായിരുന്നു.
നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാന്‍ അഷര്‍ റോഡ്രിഗസ്, ലാലിയന്‍സ്വാല ചാംഗ്തെ എന്നിവരാണ് മുംബൈയുടെ മറ്റ് ഗോളുകള്‍ നേടിയത്. ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾവല കുലുക്കിയത്. 72-ാം മിനിറ്റില്‍ പെപ്ര ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി.
ഒമ്പതാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. ചാംഗ്തെയുടെ അസിസ്റ്റിൽ നിക്കോസ് കരേലിസാണ് വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ വിഫലമായി. ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പികാൻ മുംബൈയ്ക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ഗോൾമഴ പിറന്നു.
53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നിക്കോസ് കരേലിസ് വലയിലാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. പെനാൽറ്റിയിലൂടെ 57-ാം മിനിറ്റിൽ ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്സിനായി വലചലിപ്പിച്ചത്. 72-ാം മിനിറ്റിൽ പെപ്രയുടെ ഗോളിൽ മഞ്ഞപ്പട സമനില പിടിച്ചു. എന്നാൽ ജഴ്സി ഊരി പെപ്ര ഗോൾ നേട്ടം ആഘോഷിച്ചതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങി.
പിന്നാലെ 75-ാം മിനിറ്റിൽ നഥാൻ ആഷർ റോഡ്രിഗ്സിന്റെ ഗോളിൽ മുംബൈ വീണ്ടും മുന്നിലെത്തി. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാലിയന്‍സുവാല ചാംഗ്തെ വലയിലാക്കിയതോടെ 4-2 ന്റെ തകർപ്പൻ വിജയം മുംബൈ സ്വന്തമാക്കി. ഐഎസ്എൽ സീസണിൽ മുംബൈയുടെ രണ്ടാം വിജയമാണിത്.
ആറ് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള മുംബൈ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.