മലമ്പുഴ ഡാം പരമാവധി ജലനിരപ്പിൽ
Sunday, November 3, 2024 5:35 PM IST
പാലക്കാട്: മലമ്പുഴ ഡാം പരമാവധി ജലനിരപ്പിൽ. 2018ന് ശേഷം ആദ്യമായിട്ടാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധി നിലയിലേക്ക് എത്തുന്നത്.
പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിലും നിയന്ത്രണം ഏർപ്പെടുത്തും.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്ടിൽ മിക്കയിടങ്ങളിലും കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപമാണ് ചക്രവാതച്ചുഴി. ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.