ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വീണ് കിവീസ് ബാറ്റർമാർ, രണ്ടാം ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റ് നഷ്ടം
Saturday, November 2, 2024 5:53 PM IST
മുംബൈ: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ 28 റൺസിന്റെ ലീഡ് വഴങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനം കളി നിർത്തുന്പോൾ രണ്ടാം ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിലാണ്. 143 റൺസിന്റെ മാത്രം ലീഡാണ് കിവീസിനുള്ളത്.
അജാസ് പട്ടേലും വില്ല്യം ഒറൂർക്കിയുമാണ് ക്രീസിലുള്ളത്. രണ്ടാം ഇന്നിംഗ്സിൽ വിൽ യംഗിന് മാത്രമാണ് കിവീസ് നിരയിൽ തിളങ്ങാനായത്. 51 റൺസാണ് യംഗ് നേടിയത്.
എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർമാരാണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തകർത്തത്. രവിന്ദ്ര ജഡേജ നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. മീഡിയം പേസർ ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235 റണ്‍സിന് മറുപടിയായി ഇന്ത്യ 263 റണ്‍സിന് പുറത്തായിരുന്നു. 90 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 180-4ല്‍ നിന്നാണ് ഇന്ത്യ 263ന് പുറത്തായത്. റിഷഭ് പന്ത് 60 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടൺ സുന്ദര്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.