"താങ്കള്‍ റോഡിന് ഏതെങ്കിലും ഒരുവശത്ത് നില്‍ക്കണം'; വിജയ്യെ വിമര്‍ശിച്ച് സീമാന്‍
Saturday, November 2, 2024 3:17 PM IST
നടനും ടിവികെ കക്ഷി നേതാവുമായ വിജയ്യെ വിമര്‍ശിച്ച് നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍. നേരത്തെ, ഇദ്ദേഹം വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്തിരുന്നു. വിജയ്യുടെ രാഷ്ട്രീയം തന്റെ രാഷ്ട്രീയത്തോട് ചേരുന്നതാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.
എന്നാല്‍ ടിവികെയുടെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് തമിഴ് ദേശീയതയും, ദ്രാവിഡ രാഷ്ട്രീയവും തമിഴ് ജനതയുടെ രണ്ട് കണ്ണുകളാണെന്ന് പറഞ്ഞിരുന്നു. ഇതാണ് സീമാനെ ചൊടിപ്പിച്ചത്. ചെന്നൈയില്‍ നടന്ന എന്‍ടികെയുടെ യോഗത്തില്‍ വിജയ്യെ രൂക്ഷമായി പരിഹസിച്ചാണ് സീമാന്‍ സംസാരിച്ചത്.
തമിഴ് ദേശീയതയും, ദ്രാവിഡ രാഷ്ട്രീയവും തമിഴ് ജനതയുടെ രണ്ട് കണ്ണുകളാണ് എന്ന് പറഞ്ഞത് ശരിയല്ല. താങ്കള്‍ റോഡിന് ഏതെങ്കിലും ഒരു വശത്ത് നില്‍ക്കണം. അല്ലാതെ റോഡിന് നടുക്ക് നില്‍ക്കരുതെന്ന് അദ്ദേഹം വിജയ്യോട് പറഞ്ഞു.
"ഞങ്ങള്‍ ഇവിടെ കഥകള്‍ പറയാനില്ല. വന്നത് ചരിത്രം പഠിപ്പിക്കാനാണ്. അംബേദ്കറെയും പെരിയാറെയും മറ്റും കുറിച്ച് നിങ്ങള്‍ ഇപ്പോഴായിരിക്കും വായിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഞങ്ങള്‍ ഇതിനകം അവരെ പഠിച്ച് പിഎച്ച്ഡി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഞങ്ങളുടെ തീസിസ് സമര്‍പ്പിച്ചിട്ടുണ്ട്.
സംഘസാഹിത്യത്തിന്റെ സാരാംശം എവിടെയാണെന്ന് മനസിലാക്കാന്‍ ഇപ്പോഴാണ് നിങ്ങള്‍ സംഘസാഹിത്യത്തിലേക്ക് നോക്കുന്നത്. എന്നാല്‍ സംഘസാഹിത്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നെടുഞ്ചെഴിയനെപ്പോലെ ഞങ്ങള്‍ പാണ്ഡ്യരുടെ പിന്മുറക്കാരാണ്' സീമാന്‍ പറഞ്ഞു. വേലു നാച്ചിയാര്‍ പോലുള്ള ചരിത്ര വ്യക്തികളെ വിജയ് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. അത് ആരാണെന്ന് പോലും വിജയ്യിക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തമിഴ് ദേശീയതയും, ദ്രാവിഡ രാഷ്ട്രീയവും ഒന്നല്ലെന്ന് പറഞ്ഞ അദ്ദേഹം നായകനും വില്ലനും എങ്ങനെ ഒന്നിക്കുമെന്ന് ചോദിച്ചു. വിജയ് തനിക്ക് ഇളയസഹോദരനാണ്; എന്നാല്‍ തങ്ങളുടെ നയം വ്യത്യസ്തമാണ്. തത്വത്തില്‍ ശത്രു ശത്രുവാണെന്നും സീമാന്‍ പറഞ്ഞു. തമിഴ് യുവതയ്ക്കിടയില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാണ് സീമാന്റെ നാം തമിഴര്‍ കക്ഷി.