മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Wednesday, October 16, 2024 11:26 AM IST
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിനു തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാടിയിരുന്നു. ഇതേത്തുടര്‍ന്ന് വിചാരണയിലേക്കുപോലും കടക്കാതെ കേസ് കോടതി തള്ളിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.
സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്കി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു കേസ്. മഞ്ചേശ്വരത്ത് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. രമേശനാണ് ആദ്യം കോടതിയെ സമീപിച്ചത്.
സുരേന്ദ്രനു പുറമേ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി. ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.