മുൾട്ടാന്റെ സുൽത്താനായി കമ്രാന്‍ ഗുലാം; പാക്കിസ്ഥാൻ ഭേദപ്പെട്ട നിലയിൽ
Tuesday, October 15, 2024 6:43 PM IST
മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ പാക്കിസ്ഥാൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിലാണ്. അരങ്ങേറ്റക്കാരൻ കമ്രാൻ ഗുലാം നേടിയ സെഞ്ചുറിയാണ്(118 ) ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഓപ്പണർ അബ്ദുല്ല ഷഫീഖ് (ഏഴ്), ക്യാപ്റ്റൻ ഷാൻ മസൂദ് (മൂന്ന്) എന്നിവർ തുടക്കത്തിൽ പുറത്തായെങ്കിലും കമ്രാൻ ഗുലാമിനൊപ്പം സെയിം അയൂബും (77) ചേർന്ന് പാക്കിസ്ഥാനെ കൂട്ടതകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (37) അഗ സൽമാൻ (അഞ്ച്) എന്നിവരാണ് ക്രീസിൽ.
ജാക്ക് ലീച്ച് രണ്ടും മാത്യൂ പോട്ട്സ്, ബ്രൈഡൺ കാർസ്, ഷൊയബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി. സൂപ്പർ താരങ്ങളായ ബാബര്‍ അസം, ഷഹീന് അഫ്രീദി, നസിം ഷാ എന്നിവരെ പുറത്താക്കിയാണ് പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ബാബറിന്റെ പകരക്കാരനായി എത്തിയ കമ്രാന്‍ ഗുലാം ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. നിലവിൽ ഇംഗ്ലണ്ട് പരമ്പരയിൽ 1-0 മുന്നിലാണ്.