നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Tuesday, October 15, 2024 6:24 PM IST
കണ്ണൂർ: സിപിഎം നേതാവ് പി.പി.ദിവ്യയുടെ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാത്രി തന്നെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ടോടെ സംസ്കരിക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഗുരുതരമായ അഴിമതിയാരോപണം പരസ്യമായി ഉന്നയിച്ച് നവീനെ അപമാനിച്ചത്.
പെട്രോള്‍ പമ്പിന് എൻഒസി നല്കാൻ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും വരും ദിവസങ്ങളിൽ തന്നെ പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്. പിന്നാലെ സ്വന്തം താമസ സ്ഥലത്തേക്ക് പോയ എഡിഎമ്മിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.