ദുരന്തബാധിതര്‍ക്ക് കേന്ദ്രം അടിയന്തരസഹായം നല്‍കണം; നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി
Monday, October 14, 2024 3:24 PM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നിയമസഭ. ഐകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. ഇതുവരെ കേന്ദ്രം സഹായം നല്‍കാത്തത് ഖേദകരമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
വയനാട് ദുരന്തബാധിതര്‍ക്കുള്ള കേന്ദ്രത്തിന്റെ ധനസഹായം അടിയന്തരമായി നല്‍കണം. ദുരന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായി എഴുതിതള്ളാന്‍ കേന്ദ്ര സഹായം വേണം. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ അതിതീവ്ര പ്രകൃതി ദുരന്തം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സഭ പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനം ചോദിക്കുന്നെന്ന് അടിയന്തരപ്രമേയം അവതരരിപ്പിച്ച ടി.സിദ്ദിഖ് പറഞ്ഞു. കേന്ദ്ര സഹായം വൈകുന്നതിനെതിരേ മറ്റ് ഭരണ-പ്രതിപക്ഷ അംഗങ്ങളും വിമര്‍ശനം ഉന്നയിച്ചു.
പ്രധാനമന്ത്രി വന്നിട്ടും അഞ്ചുപൈസ കേന്ദ്രം നല്‍കിയില്ലെന്ന് കെ.കെ.ശൈലജ പറഞ്ഞു. കേന്ദ്ര സഹായം ഇതുവരെ കിട്ടാത്തത് ഗുരുതരമായ വിഷയമാണെന്നും ഇതിനായി സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
മെമ്മറാണ്ടം സമര്പ്പിട്ടും പ്രത്യേക കേന്ദ്ര സഹായം വൈകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകാതെ പണം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.