ശബരിമല സ്പോട്ട് ബുക്കിംഗ്; ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന്
Sunday, October 13, 2024 5:45 AM IST
പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് ചേരും. പന്തളത്ത് വച്ചാണ് യോഗം നടക്കുക. തീർഥാടനത്തിൽ സർക്കാരും ദേവസ്വംബോർഡും അനാസ്ഥ കാട്ടുന്നു എന്നാണ് ആക്ഷേപം.
ബോധവത്കരണവും സമരപരിപാടിയും നടത്താനും തീരുമാനമായി. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞിരുന്നു.
വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീർഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപി. ഒരു ഭക്തരേയും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.