ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; സഭ വിട്ട് പ്രതിപക്ഷം
Friday, October 11, 2024 10:45 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കെ.കെ.രമയാണ് നോട്ടീസ് നല്‍കിയത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമം അടക്കമുള്ള കാര്യങ്ങള്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാത്തത് സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
എന്നാല്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ചര്‍ച്ച അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ നിലപാടെടുക്കുകയായിരുന്നു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
പ്രമേയ അവതരണത്തിന് അനുമതി ഇല്ലെങ്കില്‍ പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്നും നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.