വീണ്ടും സർക്കാർ-ഗവർണർ പോര്: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല; മുഖ്യമന്ത്രി കത്തയച്ചു
Tuesday, October 8, 2024 12:56 PM IST
തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ വിശദീകരണം നല്കാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു.
മലപ്പുറം പരാമര്‍ശം, പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയില്‍ ഇന്ന് നാല് മണിക്ക് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നല്കാന് ചീഫ്സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇരുവിഷയങ്ങളിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയാണ്. നേരിട്ടു ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മൂന്നാഴ്ച മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ‘സ്വര്‍ണക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനം’ തുടങ്ങിയ പരാമര്‍ശങ്ങളില്‍ നാലു ദിവസം മുന്‍പാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. എപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.