തറ അത്ര മോശം സ്ഥലമല്ല: പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ താഴെയിരിക്കുമെന്ന് പി.വി. അൻവർ
Tuesday, October 8, 2024 10:23 AM IST
തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി. അൻവർ എംഎൽഎ. നിയമസഭാ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു.
നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു.
പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് ശ്രമമെങ്കിൽ തറയിൽ ഇരിക്കാനാണ് തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവർ പറഞ്ഞു
അതേസമയം, എം.ആര്. അജിത്കുമാറിനെ ഒളിഞ്ഞും തെളിഞ്ഞും വെളള പൂശാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണന്നും പി.വി. അന്‍വര്‍ ആരോപിച്ചു. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ ശിപാര്‍ശ നിര്‍ബന്ധപൂര്‍വം തിരുത്തിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണയിലെത്തിയെന്നും അൻവർ ആരോപിച്ചു. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയില്‍ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള ധാരണ. ഈ ധാരണകള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എഡിജിപി എം.ആര്. അജിത്കുമാര്‍ ആണെന്നും അതുകൊണ്ടാണ് അജിത്കുമാറിനെ പാര്‍ട്ടി തള്ളിപ്പറയാത്തതെന്നും പി.വി.അന്‍വര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.