ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തും: കുമാരി ഷെൽജ
Tuesday, October 1, 2024 12:48 AM IST
ന്യൂഡൽഹി : ഹരിയാനയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കുമാരി ഷെൽജ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്നും അവർ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾക്ക് ബിജെപിയുടെ ഭരണം മടുത്തുവെന്നും ഷെൽജ പറഞ്ഞു. പത്ത് വർഷത്തെ ബിജെപിയുടെ ഭരണം സംസ്ഥാനത്തെ എല്ലാ മേഖലകളേയും തകർത്തുവെന്നും അവർ കുറ്റപ്പെടുത്തി. ബിജെപി വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നടന്നില്ലെന്നും അവയെല്ലാം വെറും സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കുകയാണെന്നും അവർ പരിഹസിച്ചു.
അഗ്നിവീർ പോലെയുള്ള കാര്യങ്ങൾ കൊണ്ടുവന്ന് യുവാക്കളോട് ബിജെപി സർക്കാർ അനീതിയാണ് കാണിച്ചിരിക്കുന്നതെന്നും കോൺഗ്രസ് എംപി പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപിയുടെ ജനദ്രോഹസർക്കാരുകൾക്കെതിരായ വിധിയെഴുത്തായിരിക്കും ഹരിയാനയിൽ ഉണ്ടാവുക എന്നും ഷെൽജ പറഞ്ഞു.
"കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എല്ലാം ആവേശത്തിലാണ്. ഇത്തവണ സംസ്ഥാനത്ത് ഭരണത്തിലെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഞങ്ങൾ.'-ഷെൽജ പറഞ്ഞു. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. എട്ടിനാണ് വോട്ടെണ്ണൽ.