അജിത് കുമാറിനെ മാറ്റിയെ പറ്റൂ; സിപിഐ നിലപാട് കടുപ്പിക്കുന്നു
Sunday, September 29, 2024 9:06 PM IST
തൃശൂർ: ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിക്ക് അർഹനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സിപിഐക്കുള്ളത് ഉറച്ച നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി.കെ.ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മതിലകത്ത് നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിലെ എംഎൽഎ എന്തൊക്കെയോ പറയുന്നുണ്ട്. ആഭ്യന്തര കാര്യങ്ങളിൽ ചിലതിനെല്ലാം ഗൗരവം ഉള്ളതാണെങ്കിലും അവയ്ക്ക് പരിഹാരം വേണം. നിലമ്പൂർ എംഎൽഎ രക്ഷകനല്ല. യഥാർത്ഥ രക്ഷകർ ജനങ്ങളാണെന്നും ബിനോയ് വിശ്വം പറഞ്ഞു.