അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
Saturday, September 28, 2024 6:43 PM IST
നിലമ്പൂർ: പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നിലമ്പൂർ നഗരത്തിൽ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
ഗതാഗത തടസമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്.