ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ: ബിനോയ് വിശ്വം
Saturday, September 28, 2024 3:14 PM IST
തിരുവനന്തപുരം: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ കടുത്ത നിലപാടുമായി സിപിഐ. "ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന് ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല-സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
താന്‍ പറയുന്നത് പാര്‍ട്ടിയുടെ നിലപാടാണ്. എം.ആര്. അജിത്കുമാറിനെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെയും ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിച്ചു. കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായും ആര്‍എസ്എസ് നേതാവ് രാംമാധവുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം.
അദ്ദേഹം രാംമാധവിനെയും കണ്ടുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം ഡിജിപിക്ക് നല്കിയ മൊഴിയില്‍ എഡിജിപി ആവര്‍ത്തിക്കുന്നത്.