ലങ്കൻ റൺമലയ്ക്കു മുന്നിൽ നാണംകെട്ട് കിവീസ്; 88ന് പുറത്ത്, ഫോളോ ഓൺ
Saturday, September 28, 2024 2:02 PM IST
ഗാലെ: ശ്രീലങ്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 602 റണ്‍സിനു മറുപടിയായി മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് വെറും 88 റണ്‍സിന് പുറത്തായി.
ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്. 61 റണ്‍സോടെ ഡെവണ്‍ കോണ്‍വേയും 36 റണ്‍സുമായി കെയ്ന്‍ വില്യംസണുമാണ് ക്രീസില്‍.
രണ്ടിന് 22 റൺസ് എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡിന് തലേന്നത്തെ സ്കോറിനോട് രണ്ടു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സൂപ്പർതാരം കെയ്ൻ വില്യംസണെ (ഏഴ്) നഷ്ടമായി. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ കിവീസ് 39.4 ഓവറില്‍ പുറത്തായി.
29 റണ്‍സെടുത്ത മിച്ചല്‍ സാന്റ്നര്‍ ആണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്കോറര്‍. കെയ്ന്‍ വില്യംസണ് (ഏഴ്), അജാസ് പട്ടേല്‍ (എട്ട്), രചിന് രവീന്ദ്ര (10), ഡാരില്‍ മിച്ചല്‍ (13), ടോം ബ്ലണ്ടല്‍ (ഒന്ന്), ഗ്ലെന്‍ ഫിലിപ്സ് (പൂജ്യം) എന്നിവരെല്ലാം കാര്യമായ പ്രതിരോധം കൂടാതെ മടങ്ങിയതോടെ കിവീസ് ഫോളോ ഓൺ വഴങ്ങി.
18 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രഭാത് ജയസൂര്യയാണ് കിവീസിനെ തകര്‍ത്തത്. നിഷാന്‍ പെരിസ് മൂന്നും അഷിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ടെസ്റ്റില്‍ 63 റണ്‍സ് ജയം നേടിയ ശ്രീലങ്ക രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.