നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച; സുരക്ഷയൊരുക്കാന്‍ 1,800 പോലീസുകാര്‍
Friday, September 27, 2024 7:19 PM IST
ആലപ്പുഴ: പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 17 ഡിവൈഎസ്പി 41 ഇന്‍സ്പെക്ടര്‍, 355 എസ്ഐ എന്നിവരുള്‍പ്പെടെ 1,800 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കരയിലേത് എന്ന പോലെ തന്നെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 47 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും.
ഷാഡോ പോലീസ്
പുന്നമട ഭാഗം പൂര്‍ണമായും സിസിടിവി കാമറാ നിരീക്ഷണത്തിലായിരിക്കും. മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കും.
വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ കാമറകള്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. മത്സരസമയം കായലില്‍ ചാടി മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
സുരക്ഷാനിർദേശങ്ങൾ
പാസുള്ളവരെ മാത്രം പരിശോധിച്ച് കടത്തിവിടുന്നതിനായി ഫിനിഷിംഗ് പോയിന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിക്കും. പാസ്/ടിക്കറ്റുമായി പവലിയനില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നിട് തിരികെ പ്രവേശിപ്പിക്കില്ല.
രാവിലെ എട്ടിന് ശേഷം ഒഫിഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കരുത്. ലംഘിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുകയും പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മൂന്നുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും.
അനൗണ്‍സ്മെന്റ് /പരസ്യബോട്ടുകള്‍ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കരുത്. മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ലംഘിച്ചാല്‍ ബോട്ടുകള്‍ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും.
രാവിലെ 10ന് ശേഷം ഡിടിപിസി ജെട്ടി മുതല്‍ പുന്നമടക്കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് നടത്തരുത്. വളളംകളി കാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10നു മുന്‍പ് സ്ഥലത്ത് എത്തിച്ചേരണം. വള്ളംകളി കാണാന്‍ ഗാലറികളില്‍ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നില്‍ക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയരുത്.
ഗതാഗത നിയന്ത്രണം
വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപിക്കരുത്. രാവിലെ ഒൻപത് മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. 28ന് രാവിലെ ആറ് മുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതല്‍ കൈചൂണ്ടി ജംഗ്ഷന്, കൊമ്മാടി ജംഗ്ഷന് വരെയുള്ള റോഡരികുകളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനധികൃതമായി പാർക്കു ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഉടമയില്‍നിന്ന് പിഴ ഈടാക്കും.
28ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ ജില്ലാ കോടതി വടക്കെ ജംഗ്ഷന് മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജംഗ്ഷന് വരെ വാഹനഗതാഗതം അനുവദിക്കില്ല. കൂടാതെ വൈഎംസിഎ തെക്കേ ജംഗ്ഷന് മുതല്‍ കിഴക്ക് ഫയര്‍ ഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗം കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല. തണ്ണീര്‍മുക്കം റോഡിലൂടെ വരുന്ന വാഹനങ്ങള്‍ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
എറണാകുളം ഭാഗത്തുനിന്ന് നാഷണല്‍ ഹൈവേയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന് വഴി എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ചങ്ങനാശേരി ഭാഗത്തുനിന്നു കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനില്നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.