തുടക്കത്തിൽ പതറി, പിന്നെ കരകയറി; കാൺപുരിൽ ബംഗ്ലാദേശിനു രണ്ടു വിക്കറ്റ് നഷ്ടം
Friday, September 27, 2024 1:24 PM IST
കാണ്‍പുര്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുന്നു. ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ സന്ദർശകർ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ്. 17 റൺസുമായി മോമിനുൾ ഹഖും 28 റൺസുമായി ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോയുമാണ് ക്രീസിൽ.
ഓപ്പണർമാരായ സാക്കിര്‍ ഹുസൈന് (0), ഷദ്മാന്‍ ഇസ്ലാം (24) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 14 റൺസ് മാത്രം വിട്ടുകൊടുത്ത് ആകാശ്ദീപാണ് രണ്ടുവിക്കറ്റുകളും വീഴ്ത്തിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 26 റൺസെടുത്തപ്പോൾ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കാനാകും മുമ്പേ സാക്കിർ ഹുസൈനെ ആകാശ്ദീപ് യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഷദ്മാന്‍ ഇസ്ലാം ആകാശ്ദീപിന്റെ അടുത്ത ഓവറിൽ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു.
പിന്നീട് ക്രീസിൽ ഒന്നിച്ച മോമിനുൾ ഹഖും നജ്മുള്‍ ഹുസൈൻ ഷാന്റോയും ചേർന്ന് സ്കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് 45 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി.