തൃശൂരിൽ മൂന്നിടത്ത് എടിഎം കൊള്ള; 60 ലക്ഷം രൂപ നഷ്ടമായെന്ന് സൂചന
Friday, September 27, 2024 6:16 AM IST
തൃശൂർ: എടിഎമ്മുകൾ തകർത്ത് വൻ മോഷണം. തൃശൂർ നഗരത്തിലെ കോലഴിയിലാണ് ആദ്യത്തെ എടിഎം കൊള്ളയടിക്കപ്പെട്ടത്. രണ്ടാമത്തേത് നഗരത്തോട് ചേർന്ന് ഷൊർണൂർ റോഡിലും മൂന്നാമത്തേത് ഇരിങ്ങാലക്കുട മാപ്രാണത്തുമാണ്.
മൂന്നിടത്തുമുള്ള എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മൂന്നിടത്തുനിന്നുമായി 60 ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ടിനും നാലിനുമിടയിലാണ് മോഷണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തത്.
വെളുത്ത കാറിലാണ് കൊള്ളസംഘമെത്തിയത്. ഈ സ്ഥലത്ത് യാതൊരു തരത്തിലെ സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ല എന്നത് ഉപയോഗപ്പെടുത്തിയാണ് കൊള്ളസംഘം എടിഎം തകർത്തത്.
എടിഎമ്മിലെ കാമറ തകർത്തശേഷമാണ് മോഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു സംഘം തന്നെയാണ് മൂന്നിടത്തും മോഷണം നടത്തിയതെന്നാണ് നിഗമനം.
അന്തർസംസസ്ഥാന മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലാ അതിർത്തികൾ കേന്ത്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.