കള്ളപ്പണം വെളുപ്പിക്കൽ: സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Thursday, September 26, 2024 1:17 PM IST
ചെന്നൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
വിചാരണ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി, ജസ്റ്റീസുമാരായ അഭയ് ഓഖ, അഗസ്റ്റിന് ജോര്‍ജ് മാസി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സെന്തില്‍ ബാലാജിക്കു ജാമ്യം നല്‍കിയത്. ആഴ്ചയില്‍ രണ്ടു ദിവസം ഇഡി ഓഫിസില്‍ ഹാജരാവണമെന്നും പാസ്പോര്‍ട്ട് കൈമാറണമെന്നും ജാമ്യവ്യവസ്ഥകളായി കോടതി നിര്‍ദേശിച്ചു.
ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷൻസ് കോടതി തള്ളിയിരുന്നു.
പതിനഞ്ചു മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് സെന്തില്‍ ബാലാജിക്കു ജാമ്യം ലഭിക്കുന്നത്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തിൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് അദ്ദേഹം.
എഐഎഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് പണം തട്ടിപ്പു നടത്തിയെന്ന കേസില്‍ 2023 ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 2018ല്‍ ഡിഎംകെയില്‍ ചേര്‍ന്ന സെന്തില്‍ ബാലാജി 2021ല്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റിരുന്നു.