യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി തത്ക്കാലമില്ല; സിപിഎമ്മില്‍ ധാരണ
Thursday, September 26, 2024 8:25 AM IST
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മില്‍ ധാരണ. പകരം താത്ക്കാലികമായി ഒരാള്‍ക്ക് ചുമതല നല്‍കിയേക്കും. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറല്‍ സെക്രട്ടറി എന്ന ചുമതല നല്കാന് സാധ്യതയുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് നേതൃത്വം അഭിപ്രായപ്പെടുന്നത്. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറല്‍ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസമാകുന്നുണ്ട്. പിബി, സിസി യോഗങ്ങള്‍ വെള്ളിയാഴ്ചമുതല്‍ മുതല്‍ ഡല്‍ഹിയില്‍ ആരംഭിക്കും.
ഈ മാസം 12ന് ആണ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. കഴിഞ്ഞ മാസം 19നാണ് ശ്വാസതടസത്തെ തുടര്‍ന്ന് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത യെച്ചൂരി മരണംവരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു.