"സമാധാനം പുനഃസ്ഥാപിക്കാൻ പൂര്‍ണപിന്തുണ': പലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി
Monday, September 23, 2024 12:00 PM IST
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിൽ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഉഭയകക്ഷി ചർച്ച നടത്തി.
യുഎസിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ (യുഎൻജിഎ) സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ഗാസയിലെ സാഹചര്യത്തിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. പലസ്തീനുളള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്കി.
‘പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ അറിയിച്ചു. പലസ്തീൻ ജനതയുമായി ദീർഘകാല സൗഹൃദം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചു.’ - കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്സിൽ കുറിച്ചു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യുഎസിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. നേരത്തെ, ആഗോളവളർച്ചയ്ക്കും വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും പ്രതിജ്ഞാബദ്ധതയും ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.