പതിനാറ് വര്‍ഷത്തിനിടെ ആദ്യ സംഭവം; ശ്രീലങ്ക - ന്യൂസിലൻഡ് ടെസ്റ്റിൽ ഇന്ന് വിശ്രമ ദിനം
Saturday, September 21, 2024 7:34 PM IST
കൊളംബോ: ശ്രീലങ്ക - ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാം ദിനമായ ശനിയാഴ്ച ടീമുകൾക്ക് വിശ്രമം അനുവദിച്ചു. മത്സരത്തിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ടീമുകൾക്ക് വിശ്രമം അനുവദിച്ചത്.
രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് പോളിംഗ്. ടെസ്റ്റ് നടക്കേണ്ട സമയത്തുതന്നെ വോട്ടിംഗും നടക്കുന്നതിനാൽ ഇന്ന് കളി നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ടീമിലുള്‍പ്പെട്ട താരങ്ങള്‍ക്കും മറ്റു സ്റ്റാഫുകള്‍ക്കും വോട്ട് രേഖപ്പെടുത്തേണ്ടത് പരിഗണിച്ചാണ് ഈ നീക്കം.
പതിനാറ് വർഷങ്ങൾക്കു മുമ്പും ടെസ്റ്റ് ക്രിക്കറ്റിൽ വിശ്രമ ദിനം അനുവദിച്ചിരുന്നു. 2008 ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് സംഭവം. ഡിസംബര്‍ 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരുന്നു ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.
മിര്‍പുരില്‍ നടന്ന മത്സരത്തിന്റെ നാലാംദിനം ബംഗ്ലാദേശില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്നും വിശ്രമം അനുവദിക്കുകയായിരുന്നു. വിശ്രമദിനം എന്നത് തൊണ്ണൂറുകള്‍ മുതല്‍ ക്രിക്കറ്റില്‍ അനുവദനീയമാണ്.
എന്നാൽ ടീമുകൾ അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. അടിയന്തര ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ടീമുകൾ മത്സരത്തിനിടെ വിശ്രമ ദിനം എടുത്തിരുന്നത്.