ക്ഷീണകാലം കഴിഞ്ഞു, ഇനി കുതിപ്പ്; സ്വർണവില വീണ്ടും 55,000 കടന്നു
Friday, September 20, 2024 12:35 PM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ വീഴ്ചയ്ക്കു ശേഷം കുതിച്ചുയർന്ന് സ്വർണം. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,885 രൂപയിലും പവന് 55,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 50 രൂപ കൂടി 5,715 രൂപയിലെത്തി.
സെപ്റ്റംബർ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഓണത്തിനു മുമ്പായി ഒറ്റയടിക്ക് 1,000 രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1,700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്ണവിലയാണ് പിന്നീട് താഴേക്കുപോയത്.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയാണ് പവന് കുറഞ്ഞത്. മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിഞ്ഞ ശേഷമാണ് ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കുള്ള കുതിപ്പ്.
കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ സ്വർണവില വർധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സ്വർണത്തിന് വിലകൂടിയിരിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് വെള്ളിക്ക് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.