വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധക്കാരെ "അവസാനമായി'ചര്‍ച്ചയ്ക്ക് ക്ഷണിച്ച് മമത
Monday, September 16, 2024 3:37 PM IST
കോല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന ജൂണിയര്‍ ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ന് വൈകുന്നേരം അഞ്ചിന് കാളിഘട്ടിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്നാണ് മമത വ്യക്തമാക്കുന്നത്.
കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറി മനോജ് പന്ത് ഡോക്ടര്‍മാര്‍ക്ക് ഇ-മെയിലയച്ചു. ഇത് അഞ്ചാമത്തെയും അവസാനത്തെയും തവണയാണ് ചര്‍ച്ചയ്ക്കായി ക്ഷണിക്കുന്നത് എന്ന മുന്നറിയിപ്പും മെയിലിലുണ്ട്. ഈ മാസം ഒമ്പതിലെ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡോക്ടര്‍മാര്‍ തങ്ങളുടെ ജോലിയില്‍ പ്രവേശിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.
നേരത്തെ, മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചതോടെ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് കോല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് 31 കാരിയായ ട്രെയിനി ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത്. ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ക്രൂരമായ പീഡനത്തിന് ശേഷമാണ് വനിതാ ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മരണത്തിന് മുമ്പ് ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവില്‍ വൊളണ്ടിയര്‍ അറസ്റ്റിലായിരുന്നു.
അതേ സമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ കോല്‍ക്കത്ത പോലീസ് ശ്രമിച്ചെന്ന സിബിഐയുടെ കണ്ടെത്തലില്‍ പ്രതിഷേധം കനക്കുകയാണ്. സംഭവ സമയത്തെ വസ്ത്രങ്ങള്‍ ശേഖരിക്കുന്നത് വൈകിപ്പിച്ചും മൃതദേഹം സംസ്കരിക്കാന്‍ തിടുക്കം കാട്ടിയും പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുള്ളതായും സിബിഐ പറയുന്നു.