കേജരിവാളിന്റെ രാജി ചൊവ്വാഴ്ച; ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിയെന്ന് എഎപി
Monday, September 16, 2024 12:32 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ചൊവ്വാഴ്ച രാജിവയ്ക്കും. മന്ത്രിയും എഎപി നേതാവുമായ സൗരവ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്.
രാജി വയ്ക്കാനുള്ള കേജരിവാളിന്റെ തീരുമാനത്തെ ജനങ്ങള്‍ പ്രശംസിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പാർട്ടി പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം എഎപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ യോഗത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി നേതാവ് രാഘവ് ഛദ്ദയും കേജരിവാളുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെയാണ് കേജരിവാൾ രാജി പ്രഖ്യാപിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ആ കസേരയില്‍ ഇരിക്കില്ലെന്നും കേജരിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞിരുന്നു.