ഇടിച്ചിട്ട സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി; യുവാവ് ഒളിവിൽ
Sunday, September 15, 2024 10:29 PM IST
കൊല്ലം: ഇടിച്ചിട്ട സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി യുവാവ് രക്ഷപ്പെട്ടു. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ ആണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. കാർ ഓടിച്ചത് കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ആണ്. ഇയാൾ ഒളിവിലാണ്.
കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടു. അവിടെനിന്ന് അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അജ്മലിന് വേണ്ടി പോലീസ് തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള വനിതാ ഡോക്ടറെ പോലീസ് ചോദ്യംചെയ്തുവരികയാണ്.